InputMethods
മലയാളം കമ്പ്യൂട്ടറില്‍ എഴുതാന്‍ ഇപ്പോള്‍ത്തന്നെ ഒരുപാട് രീതികളുണ്ട്. ഗ്നു/ലിനക്സ് പ്രവര്‍ത്തക സംവിധാനത്തില്‍ ഉപയോഗിക്കുന്ന ചില സംവിധാങ്ങളുടെ ക്രോഡീകരിച്ച ഒരു വിവരണം.
1. ഇന്‍സ്ക്രിപ്റ്റ് രീതി 2. മൊഴി 3. ഐ ട്രാന്‍സ് അധിഷ്ഠിത രീതി 4. സ്വനലേഖ 5. ലളിത
ഇന്‍സ്ക്രിപ്റ്റ് രീതി
ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള സി-ഡാക്ക് എല്ലാ ഭാരതീയ ഭാഷകള്‍ക്കുമായി ഉണ്ടാക്കിയ ഔദ്യോഗിക നിവേശക രീതിയാണ് ഇന്‍സ്ക്രിപ്റ്റ് അഥവാ ഇന്‍ഡിക് സ്ക്രിപ്റ്റ്. ഭാരതീയ ഭാഷകളുടെ ലിപിയിലെ സാമ്യത അവലംബിച്ചുണ്ടാക്കിയ ഈ രീതിയില്‍ എല്ലാ ഭാരതീയ ഭാഷകള്‍ക്കും ഒരേ കീ സ്ഥാനങ്ങളാണ്. ഏതു പ്രവര്‍ത്തക സംവിധാനത്തിലും ലഭ്യമായ സാമാന്യ ലിപി വിന്യാസവും ഇതുതന്നെയാണ്.
ഇന്‍സ്ക്രിപ്റ്റ് രീതിക്ക് ഒരുപാടു ഗുണങ്ങളുണ്ട്.
ഒന്നാമത്തേത്, എല്ലാ ഭാരതീയ ഭാഷകള്‍ക്കും ഒരേ വിന്യാസമാണ് ഇന്‍സ്ക്രിപ്റ്റ് രീതിയിലുപയോഗിക്കുന്നത്. അതുകൊണ്ട് ഒരു ഭാഷ അറിയാമെങ്കില്‍ എല്ലാ ഭാഷകള്‍ക്കും വേണ്ട വിന്യാസവും മനസ്സിലാക്കാം. കൂടാതെ, അക്ഷരങ്ങളുടെ വിന്യാസം ശാസ്ത്രീയമായി എളുപ്പം ഓര്‍ത്തിരിക്കാനും വേഗത്തില്‍ ഉപയോഗിക്കാനും കഴിയുന്ന രീതിയാണിത്.
സര്‍ക്കാരും സാമാന്യരീതിയായി അംഗീകരിച്ച ഇന്‍സ്ക്രിപ്റ്റ് രീതി പരിശീലിക്കുന്നതായിരിക്കും,ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്തവര്‍ക്ക് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് തുടങ്ങുമ്പോള്‍ നല്ലത്. മറ്റുപ്രധാനരീതികള്‍ എല്ലാം ലിപ്യന്തരണം അനുസരിച്ച് ഇംഗ്ലീഷില്‍ മലയാളം എഴുതാനുള്ള രീതികളാണ്. നേരിട്ട് മലയാളം എഴുതാന്‍ പഠിക്കാന്‍ ഏറ്റവും നല്ലത് ഇന്‍സ്ക്രിപ്റ്റ് തന്നെ.
ഇന്‍സ്ക്രിപ്റ്റ് രീതിയുടെ വിന്യാസം താഴെ കാണുന്ന പോലെയാണ്.
ഇന്ത്യന്‍ ഭാഷകളുടെ ചില പ്രത്യേകതകളും സമാനതകളുമാണ് ഇന്‍സ്ക്രിപ്റ്റ് രീതിയുടെ അടിസ്ഥാനം. ഭാരതീയ ഭാഷകളുടെ അക്ഷരമാലയെ സ്വരങ്ങളെന്നും വ്യഞ്ജനങ്ങളെന്നും തിരിച്ചിരിക്കുന്നു. ഇന്‍സ്ക്രിപ്റ്റ് രീതിയില്‍ സ്വരങ്ങള്‍ കീ ബോര്‍ഡിന്റെ ഇടതു ഭാഗത്തും വ്യഞ്ജനങ്ങള്‍ വലതു ഭാഗത്തും വരുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. മാത്രമല്ല ഒരേ വര്‍ഗ്ഗത്തില്‍പ്പെട്ട അക്ഷരങ്ങളെ രണ്ടു കീകളിലായി വിന്യസിച്ചിരിക്കുന്നു. മുകളിലുള്ള ചിത്രത്തില്‍ നിന്നും വ്യക്തമാവുന്നതാണ്.
സാമാന്യമായി എല്ലാ പ്രവര്‍ത്തക സംവിധാനങ്ങളിലും വരുന്ന രീതിയായതു കൊണ്ട് ഇന്‍സ്റ്റാളേഷന്റെ ആവശ്യമില്ല. x-keyboard-config ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുമ്പോള്‍ തന്നെ ഇതും കൂടെ വരുന്നു. ഇനി ഈ രീതി പ്രവര്‍ത്തന സജ്ജമാക്കുന്നതെങ്ങനെ എന്നു നോക്കാം.
കമാന്‍ഡ് ലൈന്‍ രീതിയില്‍
setxkbmap -layout us,ml
എന്ന് നല്‍കിയാല്‍ us(ഇംഗ്ലീഷ്), inscript(മലയാളം) എന്നീ രീതികള്‍ ഉപയോഗിക്കാം. usല്‍ നിന്ന് mlലേക്കും തിരിച്ചും മാറാന്‍ രണ്ട് Alt കീകളും ഒരുമിച്ച് അമര്‍ത്തുക.
ഗ്നോം(ലക്കം 2.20.0) പണിയിട സംവിധാനത്തില്‍ നിവേശകരീതികള്‍ തമ്മില്‍ മാറാന്‍ System->Preferences എന്ന മെനു വഴിയിലൂടെ പോവുക. അവിടെ നിന്ന് Keyboard തിരഞ്ഞെടുക്കുക.
Keyboard Preferences എന്ന തുറന്നു വരുന്ന പ്രയോഗത്തില്‍ Layout തിരഞ്ഞെടുക്കുക. Add ഞെക്കുക. Available Layoutsല്‍ നിന്ന് India Malayalam തിരഞ്ഞെടുക്കുക.
ഗ്നോം പണിയിട സംവിധാനത്തിലെ രീതികളാണ് ഇവിടെ വിവരിച്ചത്.
ഫെഡോറ ലക്കം 7ലെ ചിത്രങ്ങളാണ് താഴെ,
ഇന്‍സ്ക്രിപ്റ്റ് രീതിയില്‍ ചില്ല് എഴുതാന്‍ ZWJ ഉപയാഗിക്കണം. ഉദാഹരണമായി, ന+്+ZWJ -> ന+്+ ] -> ന്‍ ര+്+ZWJ -> ര+്+] -> ര്‍ ല+്+ZWJ -> ല+്+] -> ല്‍ ള+്+ZWJ -> ള+്+] -> ള്‍ ക+്+ZWJ -> ക+്+] -> ക്‍
എന്നിങ്ങനെ. പിരിച്ചെഴുതാന്‍ ZWNJ ഉപയോഗിക്കണം. ZWNJ '\' കീയിലേക്കാണ് മാപ്പ് ചെയ്തിരിക്കുന്നത്.
x-keyboard-config വഴി XIM-ഇല്‍ ഉള്ളതുപോലെ, SCIM-ഇലും ഇന്‍സ്ക്രിപ്റ്റ് സാമാന്യമായിത്തന്നെ വരും. പ്രയോഗങ്ങളുടെ പരിമിതികള്‍ക്കനുസരിച്ച് ചില ചെറിയ വ്യത്യാസങ്ങളുണ്ടായേക്കാം എന്നു മാത്രം. ഉദാഹരണത്തിന് XIM പ്രയോഗത്തിന് കൂട്ടക്ഷരങ്ങളെ ഒരു കീയിലേക്ക് മാപ്പ് ചെയ്യാന്‍ കഴിയാത്തതിനാല്‍ അത്തരം മാപ്പിങ്ങുകള്‍ ഇല്ല. അതുപോലെ, ZWJ,ZWNJ എന്നിവയ്ക്ക് പ്രത്യേക സ്ഥാനം നല്‍കാത്തതുകൊണ്ട് പലപ്പോഴും X അധിഷ്ഠിതരീതിക്കും SCIM രീതിക്കും വേറെ വേറെ മാപ്പിങ്ങാണുണ്ടാവാറ്.
ഇന്‍സ്ക്രിപ്റ്റ് രീതിയ്ക്ക് പല ചെറിയ മാറ്റങ്ങളും വരുത്തി വേറെ ചില വിന്യാസങ്ങളും പ്രചാരത്തിലുണ്ട്.
മൊഴി
യൂണികോഡധിഷ്ഠിത മലയാളം രീതികള്‍ കേരളത്തില്‍ പ്രചാരത്തിലാവുന്നതിനും മുമ്പുതന്നെ രൂപം കൊള്ളുകയും, സിബു, രാജ്(പെരിങ്ങോടന്‍),കെവിന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വര്‍ത്തിക്കുകയും ചെയ്യുന്ന വരമൊഴി കൂട്ടായ്മയുടെ സംഭാവനയാണ് മൊഴി ലിപിവിന്യാസം. ബ്ലോഗര്‍മാരുടെ ഇടയില്‍ ഏറ്റവും പ്രചാരമുള്ള നിവേശക രീതിയും ഇതാണ്.
ഐ ട്രാന്‍സ് അധിഷ്ഠിത രീതി
യൂണികോഡിന്റെ വരവിനും, യൂണികോഡധിഷ്ഠിത നിവേശകരീതികള്‍ക്കും മുമ്പ് ഇന്‍ഡ്യന്‍ ഭാഷകള്‍ എഴുതാന്‍ വേണ്ടി ഉപയോഗിക്കുകയും പിന്നീട്, അക്ഷരമാല രേഖപ്പെടുത്തന്നതിന് ഒരു അംഗീകൃത നിലവാരമായിമാറുകയും ചെയ്തു ഐ ട്രാന്‍സ്. ഇന്നും മലയാളം അറിയാത്തവര്‍ മലയാളം പഠിക്കാനും മലയാളത്തെ ഉപയോഗിക്കാനും ഐ ട്രാന്‍സിന്റെ സഹായം തേടാറുണ്ട്. മലയാളത്തിന് ഒരു അംഗീകൃത ഐ ട്രാന്‍സ് വിന്യാസമില്ലാത്തതും, ചില്ലുകളും മറ്റും എങ്ങനെ കാണിക്കണമെന്നതിലെ ആശയക്കുഴപ്പവും പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്.
സ്വനലേഖ
സ്മാര്‍ട്ട് കോമണ്‍ ഇന്‍പുട്ട് മെത്തേഡ് അഥവാ സ്കിം(SCIM) നിവേശകരീതിയുടെ സാങ്കേതിക മികവ് ഉപയോഗിച്ചു കൊണ്ട്, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനു വേണ്ടി സന്തോഷ് തോട്ടിങ്ങല്‍ നിര്‍മ്മിച്ച രീതിയാണ്, സ്വനലേഖ. ശബ്ദാധിഷ്ഠിത ഉപയോഗവും, നിയമങ്ങളുടെ എണ്ണവും, സ്വനലേഖയെ വ്യത്യസ്തമാക്കുന്നു.
ലളിത
X നിവേശകരീതിയില്‍(XIM) ലിപ്യന്തരണം(transliteration) അടിസ്ഥാനമാക്കി, ദേവനാഗിരിക്കു വേണ്ടി നിര്‍മിച്ച ബോല്‍നാഗിരി വ്യവസ്ഥയെ പിന്‍പറ്റി മലയാളത്തില്‍ നിര്‍മിച്ച രീതി. ജിനേഷ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനു വേണ്ടി നിര്‍മിച്ച ഈ രീതി x-keyboard-config ന്റെ പുതിയ ലക്കത്തില്‍ ഉള്‍ ക്കൊളളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ x-org അടിസ്ഥാനമാക്കി വര്‍ത്തിക്കുന്ന സംവിധാനങ്ങളിലെല്ലാം സമീപഭാവിയില്‍ ലളിത സാമാന്യ ലിപി വിന്യാസമായി ലഭ്യമാവും.