സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം/SMC Camp/press 2

From SMC Wiki
Revision as of 16:55, 6 September 2013 by Manojk (talk | contribs) (Created page with "പത്രക്കുറിപ്പു് 6/09/2013 സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് ഒരു വ്യാഴ...")
(diff) ← Older revision | Latest revision (diff) | Newer revision → (diff)

പത്രക്കുറിപ്പു് 6/09/2013 സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് ഒരു വ്യാഴവട്ടക്കാലം പൂര്‍ത്തിയാക്കുന്നതോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ക്കു് നാന്ദി കുറിച്ചു കൊണ്ടു് സംസ്ഥാനത്തുടനീളം ആരംഭിക്കുന്ന വിളംബര ശില്പശാലകള്‍ക്കു് തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയില്‍ വച്ചു് തുടക്കമായി. ശില്പശാലയില്‍ ഡോ. മഹേഷ് മംഗലാട്ടു്, പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍, ഋഷികേശ് കെ ബി, മനോജ് കെ എന്നിവര്‍ സംസാരിച്ചു. വിഷ്ണു എം, ജയ്സെന്‍ നെടുമ്പാല എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.മലയാളം സര്‍വ്വകലാശാലയിലെ ഭാഷാശാസ്ത്രവിഭാഗത്തിലെ പ്രൊഫ. ശ്രീനാഥന്‍ എം ശില്പശാലയ്ക്കു് മേല്‍നോട്ടം വഹിച്ചു.

മലയാളം കമ്പ്യൂട്ടിങ്ങിന്റെ ചരിത്രത്തെയും വെല്ലുവിളികളേയും കുറിച്ചും വിവിധതരം എന്‍കോഡിങ്ങുകള്‍ (കമ്പ്യൂട്ടറുകളില്‍ നമ്മുടെ ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനം), ഫോണ്ടുകള്‍, നിവേശകരീതികള്‍ (കമ്പ്യൂട്ടറില്‍ എങ്ങനെ പല ഭാഷകള്‍ ടൈപ്പ് ചെയ്യാം), അക്ഷരചിത്രീകരണം (കൂട്ടക്ഷരങ്ങ‌ള്‍ മുതലായവ കമ്പ്യൂട്ടറില്‍ ശരിയായി കാണുവാന്‍) തുടങ്ങിയവ വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തി. ആദ്യകാല മലയാളം സോഫ്റ്റ്‌വെയറുകളെല്ലാം തന്നെ മലയാളമറിയാത്തവര്‍ നിര്‍മ്മിച്ചതിലൂടെ വന്നു് ചേര്‍ന്ന ചില പിഴവുകളെക്കുറിച്ചും മലയാള സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കു് ഏതെല്ലാം തരത്തില്‍ മലയാളം കമ്പ്യൂട്ടിങ്ങില്‍ സംഭാവനകള്‍ ചെയ്യാം എന്നതും ചര്‍ച്ചാ വിഷയമായി. സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം പരിപാടിയുടെ ലോഗോ പ്രകാശനവും ചടങ്ങിനോടനുബന്ധിച്ചു നടന്നു. സെപ്റ്റംബര്‍ 7 മുതല്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ മലയാളം കമ്പ്യൂട്ടിങ്ങ് ശില്പശാലകള്‍ നടക്കും. ഒക്ടോബര്‍ 14,15 തിയ്യതികളില്‍ തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വെച്ച് നടക്കുന്ന ദ്വിദിന പരിപാടിയുടെ വിളംബരമായിട്ടാണ് കേരളത്തിലെ കലാലയങ്ങളും സ്കൂളുകളും സാംസ്കാരികസ്ഥാപനങ്ങളുമായി സഹകരിച്ച് ശില്പശാലകള്‍ സംഘടിപ്പിക്കുന്നത്. മലയാളത്തെ കമ്പ്യൂട്ടിങിനു പ്രാപ്തമാക്കിയ ഒട്ടനവധി വ്യക്തികളുടെയും കൂട്ടങ്ങളുടെയും ഇടപെടലുകളെ ഓര്‍മ്മിക്കാനും ആദരിക്കാനും അവരുമായി സംവദിക്കാനും പുതുവഴികളെപ്പറ്റി കൂട്ടായി അന്വേഷിക്കാനുമുള്ള സന്ദര്‍ഭമായാണ് ഒക്റ്റോബറില്‍ തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍ നടക്കുന്ന രണ്ട് ദിവസമായി സംഘടിപ്പിക്കപ്പെടുന്ന സമ്മേളനത്തെ കൂട്ടായ്മ സമീപിക്കുന്നത്. മലയാളം കമ്പ്യൂട്ടിങിലെ നിലവിലുള്ള സ്ഥിതിയും, ഇത്തരം ഇടപെടലുകളുടെ സാംസ്ക്കാരിക പ്രസക്തിയും ചര്‍ച്ച ചെയ്യുന്നതോടൊപ്പം നിലവിലുള്ള വെല്ലുവിളികള്‍ തരണം ചെയ്യാനുള്ള ആലോചനയും വിദഗ്ദ്ധ പാനല്‍ ചര്‍ച്ചകളും ഈ പരിപാടിയുടെ ഭാഗമായുണ്ടാവും.

പരിപാടിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ 12.smc.org.in എന്ന വെബ്സൈറ്റും തുടങ്ങിയിട്ടുണ്ട്.