History

From SMC Wiki
Revision as of 08:18, 19 March 2009 by സന്തോഷ് (talk | contribs) (പുതിയ താള്‍: 2001ലാണ് ബൈജു എം ന്റെ നേതൃത്വത്തിലാണ് എസ്.എം.സി. രൂപീകരിക്കുന്ന...)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

2001ലാണ് ബൈജു എം ന്റെ നേതൃത്വത്തിലാണ് എസ്.എം.സി. രൂപീകരിക്കുന്നത്. എഷ്യ പെസഫിക് ഡെവലപ്മെന്റ് ഇന്‍ഫര്‍മേഷന്‍ പ്രോഗ്രാമിന്റെ (APDIP) സാമ്പത്തീക സഹായത്തോടെ കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്റ്റ്രിയല്‍ പ്രമോഷന്റെയും (K-Bip) ഫ്രീ സോഫ്റ്റ്​വെയര്‍ ഫൌണ്ടേഷന്‍ - ഇന്ത്യയുടെയും (FSF-India) നേതൃത്വത്തില്‍ സ്വതന്ത്ര സോഫ്റ്റ്​വെയറില്‍ മലയാളം കമ്പ്യുട്ടിങ്ങിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഈ കാലഘട്ടത്തിലാണ് ആരംഭിച്ചത്. സ്വതന്ത്ര മലയാളം കമ്പ്യുട്ടിങ്ങിന്റെ (SMC) പ്രാരംഭ പ്രവര്‍ത്തകരായ ബൈജു. എം, സജിത്ത് വി. കെ തുടങ്ങിയവരായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഗ്നു/ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഡെസ്ക്ടോപ്പ് മലയാളത്തിലേക്ക് മാറ്റുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി നടന്നു. ആദ്യമായി മലയാളീകരിച്ച ഒരു ഓപ്പറേറ്റിംഗ് സിസ്റ്റവും യൂണീക്കോഡ് ആടിസ്ഥാനമാക്കിയ ഒരു സ്വതന്ത്ര ഫോണ്ടും ഇതിന്റെ ഭാഗമായി ഉണ്ടായി. എന്നാല്‍ അക്കാലത്തെ സ്വതന്ത്ര സോഫ്റ്റ്​വെയറിന്റെ പരിമിതമായ ഉപയോഗവും സാങ്കേതിക വിദ്യയിലുണ്ടായിരുന്ന പരിമിതികളും ഈ പ്രവര്‍ത്തനത്തിന്റെ മുന്നോട്ട് പോക്കിനെ മന്ദഗതിയിലാക്കി. 2006 അവസാനകാലത്താണ് അരിഷ്ടതകളെല്ലാം മാറി ഈ കൂട്ടായ്മ വീണ്ടും ഊര്‍ജ്ജിതമായത്. പിന്നീട് മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ഭാരതീയ ഭാഷകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘങ്ങളില്‍ മുന്നിലെത്തി.

ഇന്റര്‍നെറ്റിലൂടെയുള്ള ആശയവിനിമയത്തിനും ചര്‍ച്ചകള്‍ക്കും ശേഷമാണ് ഈ ഗ്രൂപ്പിലെ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കപ്പെടുന്നത്. 360 അംഗങ്ങളുള്ള ഈ കൂട്ടായ്മയില്‍ നിരവധി പേര്‍ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിനായി കൂട്ടായ്മ ഇപ്പോള്‍ ഭാഷാപ്രേമികളുടെ സഹായം തേടുകയാണ്. താല്പര്യമുള്ളവര്‍ക്ക് http://smc.org.in എന്ന വെബ്സൈറ്റില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നതാണ്. സോഴ്സ് കോഡുകള്‍ എല്ലാവര്‍ക്കും സ്വതന്ത്രമായി ഇഷ്ടാനുസരണം ഉപയോഗിക്കാനും സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി കംപ്യൂട്ടിംഗ് ഉപയോഗപ്പെടുത്താനും ശ്രമിക്കുന്ന സ്വതന്ത്ര സോഫ്റ്റ്​വെയറുകളാണ് എസ്. എം.സി. വികസിപ്പിക്കുന്നത്. മലയാളികള്‍ക്കിടയില്‍ സ്വതന്ത്ര സോഫ്റ്റ്​വെയറിന്റെ ഉപയോഗം വര്‍ദ്ധിച്ചുവരുന്നതും ഗവണ്‍മെന്റ് തലത്തില്‍ സ്വതന്ത്ര സോഫ്റ്റ്​വെയറിന് നല്‍കുന്ന മുന്‍ഗണനയും കൂടിവരികയാണ്. സോഫ്റ്റ്​വെയര്‍ പ്രയോഗങ്ങളുടെ തര്‍ജ്ജമകളും ഫോണ്ടുകളുടെ വികസനവും അല്ലാതെ വേറെയും സംരംഭങ്ങളില്‍ എസ്. എം. സി. വ്യാപൃതരാണ്. കംപ്യൂട്ടറിനെകൊണ്ട് മലയാളം പറയിപ്പിക്കാനും മലയാളം പറഞ്ഞാല്‍ കംപ്യൂട്ടറിന് മനസ്സിലാക്കാനും സാധിക്കുന്ന സ്പീച്ച് പ്രോസസ്സിംഗ് സോഫ്റ്റ്​വെയറുകള്‍, എളുപ്പത്തില്‍ മലയാളം എഴുതാന്‍ വേണ്ടിയുള്ള സോഫ്റ്റ്​വെയര്‍, വിവിധ ഡെസ്ക്ടോപ്പ് ആര്‍ട്ട്​വര്‍ക്കുകള്‍, അക്ഷരപരിശോധനാ (സ്പെല്‍ ചെക്കര്‍) സംവിധാനം, പരിശീലന സഹായികള്‍, മലയാളം വിവരശേഖരത്തെ ക്രോഡീകരിക്കുന്നതിനുള്ള ഉപാധികള്‍ തുടങ്ങിയ പ്രോജക്ടുകളും എസ്. എം.സി. നിര്‍വ്വഹിക്കുന്നു.