Remington
റെമിങ്ടണ്‍
വ്യാവസായിക അടിസ്ഥാനത്തില്‍ ആദ്യമായി ടൈപ്പ്റൈറ്റര്‍ നിര്‍മ്മിക്കാനാരംഭിച്ച യുഎസ് കമ്പനിയാണു് റെമിങ്ടണ്‍. ഇംഗ്ലീഷിലെ പ്രസിദ്ധമായ QWERTY ലേ-ഔട്ട് റെമിങ്ടണ്‍ ടൈപ്പ്റൈറ്ററുകള്ക്കുവേണ്ടി വികസിപ്പിച്ചെടുത്തതാണു്. പിന്നീടു് വിവിധ ലോകഭാഷകളിലും റെമിങ്ടണ്‍ ടൈപ്പ്റൈറ്ററുകള്‍ ലഭ്യമായിത്തുടങ്ങി. മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനു് ലഭ്യമായിരുന്ന രണ്ടുതരം ടൈപ്പ്റൈറ്ററുകളില്‍ ഒന്നു് റെമിങ്ടണായിരുന്നു. സ്വാഭാവികമായും മുമ്പു് ടൈപ്പ്റൈറ്റിങ് പഠിച്ച പലരും റെമിങ്ടണ്‍ കീബോര്‍ഡ് ആണു് അഭ്യസിച്ചിരുന്നതു്. ടൈപ്പ്റൈറ്ററുകള്‍ കമ്പ്യൂട്ടറുകള്‍ക്കു് വഴിമാറിയപ്പോഴും റെമിങ്ടണ്‍ അവതരിപ്പിച്ച ലേഔട്ട് മെച്ചപ്പെടുത്തലുകളോടെ ലഭ്യമായിരുന്നു. എന്നാല്‍ ആസ്കി ക്യാരക്ടറുകള്‍ ഇന്‍പുട്ട് ചെയ്യാന്‍ മാത്രമേ, ഇതുപയോഗിച്ചു് കഴിയുമായിരുന്നുള്ളു.
ആദ്യമായി റെമിങ്ടണ്‍ ലേഔട്ട് ഉപയോഗിച്ചു് യൂണിക്കോഡ് മലയാളം ഇന്‍പുട്ട് ചെയ്യാനാവുന്ന ഒരു കീബോര്‍ഡ് വികസിപ്പിക്കുന്നതു് റാല്‍മിനോവ് ആണു്. ഇതു് വിന്‍ഡോസ് മെഷീനുകളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന കീബോര്‍ഡ് ആയിരുന്നു. നേരത്തെ ആസ്കി ഫോണ്ടുകള്‍ ഇന്‍പുട്ട് ചെയ്യാനായി സൂപ്പര്‍സോഫ്റ്റ് തൂലിക എന്ന സോഫ്റ്റ്വെയറിനൊപ്പം ലഭ്യമാക്കിയിരുന്ന മെച്ചപ്പെടുത്തിയ റെമിങ്ടണ്‍ ലേഔട്ടിന്റെ ചുവടുപിടിച്ചാണു് റാല്‍മിനോവ് ഈ കീബോര്‍ഡ് വികസിപ്പിച്ചതു്. എന്നാല്‍ ഗ്നൂ/ലിനക്സ് മെഷീനുകളില്‍ അടുത്തകാലം വരെയും ഈ ലേഔട്ട് ലഭ്യമായിരുന്നില്ല. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ മെയിലിങ് ലിസ്റ്റില്‍ ഇത്തരം ഒരാവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണു് എസ്എംസി പ്രവര്‍ത്തകനായ സെബിന് ഏബ്രഹാം ജേക്കബ് ഐബസ് ഉപയോഗിച്ചു് ഇന്‍പുട്ട് ചെയ്യാവുന്ന രീതിയില്‍ m17n നുവേണ്ടിയുള്ള ഈ കീബോര്‍ഡ് മാപ്പിങ് ഫയല്‍ തയ്യാറാക്കിയതു്. ഹിരണ്‍ വേണുഗോപാല്‍ ലേഔട്ടിന്റെ ഐക്കണ്‍ ഫയല്‍ തയ്യാറാക്കി.
കീബോര്‍ഡ് ലേ ഔട്ട്
പൂര്‍ണ്ണരൂപം
അടുത്തുകാണാന്‍