ResponsetoMathrubhumi25062011
"മലയാളം കമ്പ്യൂട്ടിങ്ങ് താളം തെറ്റുന്നു" എന്ന മാതൃഭൂമി വാര്‍ത്തയോടുള്ള പ്രതികരണം
ജൂണ്‍ 25 ലെ മാതൃഭൂമി പത്രത്തില്‍[1]തൃശ്ശൂര്‍ എഡിഷനില്‍ വന്ന സര്‍ക്കാരിന്റെ മലയാളം കമ്പ്യൂട്ടിങ്ങ് പരിപാടി താളം തെറ്റുന്നു എന്നുള്ള വാര്‍ത്തയാണു് ഇതെഴുതാന്‍ പ്രേരണയായതു്. ഇതിനു് കാരണമായി പറയപ്പെടുന്ന കാര്യങ്ങളില്‍ മലയാളം ഉപയോഗിക്കുന്നതിനു് സാങ്കേതികമായുള്ള കുറവുകളും ഉള്‍പ്പെടുന്നു. വാര്‍ത്തയില്‍ ഇവ വിവരിച്ചിരിക്കുന്ന ഭാഗങ്ങള്‍ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതാണു്. ഈ വാര്‍ത്ത വായിച്ചവര്‍ക്കിടയില്‍, വിശേഷിച്ചു് സാങ്കേതിക ജ്ഞാനം ഇല്ലാത്തവര്‍ക്കിടയില്‍, ഉണ്ടായിട്ടുള്ള തെറ്റിദ്ധാരണ മാറ്റുന്നതിനായി ഈ മറുപടി പ്രസിദ്ധീകരിക്കണം എന്നു താല്പര്യപ്പെടുന്നു.
1. വാര്‍ത്തയില്‍ എഴുതിയിരിക്കുന്നു, "മലയാളം ടൈപ്പിങ്ങിന് രചന, സുറുമ, മീര, ദ്യുതി, കല്യാണി തുടങ്ങി ഏഴോളം യൂണികോഡ് ഫോണ്ടുകളാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇവയെല്ലാം പഴയ ലിപികളാണെന്നും പ്രാദേശിക തലത്തിലും തദ്ദേശ ഭരണസ്ഥാപനങ്ങളിലും പദ്ധതി നടപ്പാക്കുന്നതിന് ഇത് തടസ്സമായെന്നും ആരോപണങ്ങളുണ്ട്." ആദ്യമായി, ഇത്രയും ഫോണ്ടുകള്‍ മാത്രമല്ല മലയാളം യൂണിക്കാഡിലുള്ളതു്. ഫോണ്ടുകളെല്ലാം പഴയ ലിപികളാണെന്നതും തെറ്റാണു്. രചന, മീര, സുറുമ, അഞ്ജലി, ദ്യുതി എന്നിവ തനതുലിപി ഫോണ്ടുകളാണെന്നും കല്യാണി, രഘുമലയാളം, ലോഹിത് മലയാളം തുടങ്ങിയവ പുതിയലിപി ഫോണ്ടുകളാണെന്നുമുള്ളതാണു് വസ്തുത. അതുകൊണ്ടു് പുതിയ ലിപി ഉപയോഗിക്കുന്നതിനു് യാതൊരു സാങ്കേതിക തടസ്സവുമുണ്ടായിട്ടില്ല.
2. റിപ്പോര്‍ട്ടില്‍ പറയുന്നു, "ലിപിവ്യത്യാസമില്ലാത്ത യൂണികോഡ് ഫോണ്ടുകള്‍ രൂപപ്പെടുത്താന്‍ നമ്മുടെ ഐ.ടി. വിദഗ്ധര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല" എന്നു്. മലയാളം കമ്പ്യൂട്ടിങ്ങുമായി അല്പമെങ്കിലും ബന്ധമുള്ളവര്‍ക്കറിയാം മലയാളം ഫോണ്ടുകള്‍ കേരളത്തില്‍ തന്നെ ഉണ്ടായതാണു് എന്നു്. ഉദാഹരണമായി, രചന, അഞ്ജലി, മീര തുടങ്ങിയ തുടങ്ങിയ യൂണിക്കോഡ് ഫോണ്ടുകള്‍ നിര്‍മ്മിച്ചതും കല്യാണി ദ്യുതി തുടങ്ങിയ ഫോണ്ടുകള്‍ ഉപയോഗയോഗ്യമാക്കിയതും ഈ വാര്‍ത്ത വന്ന തൃശ്ശൂര്‍ ജില്ലയില്‍ നിന്നു തന്നെയുള്ള ഫോണ്ട് നിര്‍മ്മാതാക്കളാണ്. തൃശ്ശൂര്‍ ജില്ലയിലുള്ള, പീച്ചിയിലെ കേരള വനഗവേഷണ സ്ഥാപനത്തില്‍ പ്രവൃത്തിയെടുക്കുന്ന, കെ.എച്ച്.ഹുസൈനാണു് രചന എന്ന ഫോണ്ടിന്റെ പ്രധാന ശില്പി. കെ.ഹുസൈനും സുരേഷും കൂടിയാണു് മീര എന്ന ഫോണ്ടു് വികസിപ്പിച്ചതു്. കെവിനാണ് അഞ്ജലി ഫോണ്ട് രൂപകല്പന ചെയ്തതു്. ലേഖകരുടെ ഭാഗത്തു നിന്ന് ഇവരെയാരെയെങ്കിലും ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ഈ വസ്തുത ശരിയാണോ എന്നു പരിശോധിക്കാനുള്ള ശ്രമമുണ്ടായില്ലെന്നതു് ഖേദകരമാണ്.
3. റിപ്പോര്‍ട്ടില്‍ പറയുന്നു, "ബഹുഭൂരിപക്ഷം കമ്പ്യൂട്ടര്‍ ഉപഭോക്താക്കളും ഇംഗ്ലീഷ്-മലയാളം ടൈപ്പിങ്ങ് സമ്പ്രദായമാണ് ഉപയോഗിക്കുന്നത്. ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളത്തിലേക്ക് മൊഴിമാറിവരുന്ന രീതി ഏറെ സുഗമമാണെന്നതാണ് ഇതിനു കാരണം. ഇതിനു സഹായകമായ പല സോഫ്റ്റ്വെയറുകളും ഇന്ന് സുലഭമാണ്. എന്നാല്‍ ഈ രീതിയെ പ്രോത്സാഹിപ്പിക്കുവാന്‍ ഐ.ടി. വിദഗ്ധരോ ഭാഷാസ്നേഹികളോ തയ്യാറാകുന്നില്ല." എന്നു്. സ്വനലേഖയും ലളിതയും , മൊഴിയും റെമിങ്ങ്ടണുമുള്‍പ്പെടെ ഇന്‍സ്ക്രിപ്റ്റ് അല്ലാത്ത ലിപ്യന്തരണമുള്‍പ്പെടെയുള്ള പലതരം കീബോര്‍ഡുകള്‍ ലഭ്യമാണു്. ഇവയില്‍ മിക്കതും സര്‍ക്കാര്‍ പദ്ധതിയിലുണ്ടുതാനും. ഇതെല്ലാം ഇവിടെത്തന്നെ വികസിപ്പിച്ചെടുത്തതുമാണു്.
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന കൂട്ടായ്മ മലയാളം കമ്പ്യൂട്ടിങ്ങിനുവേണ്ടി പല സുപ്രധാന സംഭാവനകളും നല്കിയിട്ടുണ്ടു്. ഇവയില്‍ പലതിനെയും സംബന്ധിക്കുന്ന വാര്‍ത്തകള്‍ മാതൃഭൂമിയിലുള്‍പ്പെടെ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ടു്. മുകളില്‍ വിവരിച്ച ചില കാര്യങ്ങളെങ്കിലും അക്കൂട്ടത്തില്‍ പെടുന്നവയുമാണു്. എന്നിട്ടും തികച്ചും തെറ്റിദ്ധാരണാജനകമായ ഈ വാര്‍ത്ത പത്രത്തില്‍ വന്നതു് എങ്ങനെ എന്നു മനസിലാകുന്നില്ല.
സര്‍ക്കാറിന്റെ മലയാളം കമ്പ്യൂട്ടിങ്ങ് പദ്ധതിയുടെ നടത്തിപ്പില്‍ പാളിച്ചകള്‍ വന്നിട്ടുണ്ടാകാം. അതിനുത്തരവാദികള്‍ പല തലത്തിലുള്ള അതിന്റെ നടത്തിപ്പുകാരാണു്. പക്ഷേ ഈ പാളിച്ചകള്‍ സാങ്കേതികവിദ്യയുടെ ലഭ്യതക്കുറവോ പിഴവുകളോ ആയി ചൂണ്ടിക്കാണിക്കുന്നതു് വസ്തുതാവിരുദ്ധമാണു്.സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ സന്നദ്ധപ്രവര്‍ത്തകര്‍ നിര്‍മ്മിച്ച സാങ്കേതിക അടിത്തറയാണ് സര്‍ക്കാരിന്റെ മലയാളം കമ്പ്യൂട്ടിങ്ങ് പദ്ധതി സ്വതന്ത്രസോഫ്റ്റ്വെയറില് നടപ്പിലാക്കുന്നതിന് ശക്തിപകരുന്നതു്. എല്ലാ സ്വതന്ത്ര സോഫ്റ്റ്വെയര് വിതരണങ്ങളിലും ഐടി അറ്റ് സ്കൂളിലുമെല്ലാം ഇവ ലഭ്യമാണു താനും.
അവലംബം
മലയാളം കമ്പ്യൂട്ടിങ്ങ് താളം തെറ്റുന്നു http://www.mathrubhumi.com/online/malayalam/news/story/1012381/2011-06-25/kerala